📜 ചരിത്രത്തിലൂടെ കാടുകുറ്റി
കല്ലൂർ ഗ്രാമത്തിന്റെ വടക്കേ പ്രദേശമാണ് ഇന്നത്തെ കാടുകുറ്റി പഞ്ചായത്ത്. പഴയ അടൂർ ഫർക്കയിൽപ്പെട്ടതാണ് ഇന്നത്തെ ഈ പ്രദേശം. കല്ലൂർ വടക്കുംമുറി പഞ്ചായത്ത് എന്നായിരുന്നു അക്കാലത്ത് ഇതിന്റെ പേര്.
അർണ്ണോസുപാതിരി കേരളത്തിൽ സ്ഥാപിച്ച ആദ്യത്തെ മലയാളം അച്ചുകൂടം ഈ പഞ്ചായത്തിലെ സമ്പാളൂരിനടുത്താണ്. മലയാള ഭാഷയുടെയും അച്ചടി പാരമ്പര്യത്തിന്റെയും ചരിത്രത്തിൽ ഈ പ്രദേശത്തിന് അതുകൊണ്ടുതന്നെ പ്രത്യേക സ്ഥാനമുണ്ട്.
ടിപ്പുസുൽത്താന്റെ ആക്രമണം ചെറുക്കാനായി തിരുവിതാംകൂർ, കൊച്ചി രാജാക്കന്മാർ സംയുക്തമായി അറബിക്കടൽ മുതൽ സഹ്യാദ്രിവരെ നെടുനീളത്തിൽ കോട്ട നിർമ്മിക്കുകയുണ്ടായി. കോട്ടയുടേയും അതിനോടനുബന്ധിച്ചുള്ള കിടങ്ങിന്റേയും യുദ്ധസാമഗ്രികളുടേയും അവശിഷ്ടങ്ങൾ ഇപ്പോഴും ഇവിടെ അങ്ങിങ്ങായി കാണാൻ സാധിക്കും.
പനമ്പിള്ളി ഗോവിന്ദ മേനോന്റെ ജന്മദേശവും ഈ പഞ്ചായത്തിലാണ്.